മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കെട്ടിടം തകര്‍ന്ന് അപകടമുണ്ടായ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് മടങ്ങവെയാണ് പ്രതിഷേധം. മന്ത്രിമാരായ വീണാ ജോര്‍ജ്ജും വി എന്‍ വാസവനും മുഖ്യമന്ത്രിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടാണ് കരിങ്കൊടി കാണിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് പയസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എന്‍ നൈസാം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ കെ കൃഷ്ണകുമാര്‍, റിച്ചി സാം ലൂക്കോസ്, അനൂപ് വിജയന്, ജിതിന് ജോര്‍ജ്, അബ്ദുല്‍ ഇര്ഫാന് ബഷീര്‍, അമീര്‍ കെ എസ് എന്നിവര്‍ നേതൃത്വം നല്കി.
വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്. കെട്ടിടത്തിനുണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. കെട്ടിടം തകര്‍ന്നു വീണതില്‍ ആരുടെയും ജീവന് പൊലിയാഞ്ഞതു കൊണ്ട് പാര്‍ട്ടിക്ക് ചുളുവില്‍ ഒരു രക്തസാക്ഷിയെ നഷ്ടമായി എന്ന് സാരം. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.