RAMESH CHENNITHALA| ആരോഗ്യമന്ത്രി പരിപൂര്‍ണ്ണ പരാജയം; മെഡിക്കല്‍ കോളേജ് കെട്ടിടം വീണത് പോലെ സര്‍ക്കാരും വീഴും: രമേശ് ചെന്നിത്തല എംഎല്‍എ

Jaihind News Bureau
Thursday, July 3, 2025

ആരോഗ്യമന്ത്രി പരിപൂര്‍ണ്ണ പരാജയമെന്നും രാജിവച്ച് പുറത്തുപോകണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം വീണത് പോലെ ഈ സര്‍ക്കാരും വീഴാന്‍ പോവുകയാണ്. ഭര്‍ത്താവ് പരാതി കൊടുത്തപ്പോഴാണ് ഉള്ളില്‍ ഒരു സ്ത്രീ കുടുങ്ങിക്കിടപ്പുണ്ടെന്ന് അറിയുന്നത്. അതിനു മുന്നേ കണ്ടെത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാള്‍ പോയാല്‍ മരണം ഉറപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്. കെട്ടിടത്തിനുണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. കെട്ടിടം തകര്‍ന്നു വീണതില്‍ ആരുടെയും ജീവന്‍ പൊലിയാഞ്ഞതു കൊണ്ട് പാര്‍ട്ടിക്ക് ചുളുവില്‍ ഒരു രക്തസാക്ഷിയെ നഷ്ടമായി എന്ന് സാരം. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.