കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ (0407 2025, വെള്ളി) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
കേരളാ സാങ്കേതിക സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയാണ് സംഘര്‍ഷമുണ്ടായത്. ഇയര്‍ ബാക്ക് സിസ്റ്റം പിന്‍വലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്‌സിറ്റികളുടെയും വിസി നിയമനങ്ങള്‍ നിയമവിധേയമായി പൂര്‍ത്തിയാക്കുക, പ്രിന്‍സിപ്പാള്‍ നിയമനങ്ങള്‍ മുടങ്ങിക്കിടക്കുന്ന എല്ലാ സര്‍ക്കാര്‍ കലാലയങ്ങളിലും ഉടന്‍ നിയമനം പൂര്‍ത്തിയാക്കുക, അധ്യാപക ഒഴിവുകള്‍ നികത്തുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ലാത്തി ചാര്‍ജ്ജില്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജ് പ്രയോഗത്തില്‍ ഗോകുല്‍ ഗുരുവായൂരിന്റെ തലക്കാണ് പരിക്കേറ്റത്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു.