കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
രണ്ട് മന്ത്രിമാര്‍ സ്ഥലത്തെത്തി സംഭവത്തെ നിസാരവല്‍ക്കരിച്ചതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും ആദ്യം അധികൃതര്‍ ചെവിക്കൊണ്ടില്ല. ഉപയോഗിക്കാത്ത കെട്ടിടവും, ശുചിമുറിയും ആണെന്ന് പറഞ്ഞ് ഇവരുടെ ആവശ്യത്തെ നിരാകരിച്ചു.തുടര്‍ന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍ ആവശ്യപ്പെടുകയും, ചാനലുകളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് ജെസിബികള്‍ സ്ഥലത്തെത്തിച്ചത്.
അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഒരു സാധു സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു. നിലവില്‍ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അത് ഒരു കാരണവശാലും നമ്മതിക്കില്ലെന്നും രോഗികളെ ഡിസ്ചാര്‍ജ് ചെയ്താല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മാണി സി കാപ്പന്‍ ,മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂസ്, ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് യു ഡി എഫ് സംഘത്തിലുണ്ടായിരുന്നത്.