MEDICAL COLLEGE| കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: അനാസ്ഥയുടെ ബലിയാടായി ബിന്ദു; ആശുപത്രിയിലെത്തിയത് മകളുടെ ചികിത്സയ്ക്കായി

Jaihind News Bureau
Thursday, July 3, 2025

ആരോഗ്യ വകുപ്പിന്റെ തികഞ്ഞ അനാസ്ഥയുടെ ബലിയാടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഡി ബിന്ദു. മകളുടെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു ബിന്ദു ആശുപത്രിയിലെത്തിയത്. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുത്തത്. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോകവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം വൈകിയതാണ് മരണ കാരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. എന്നാല്‍ ബിന്ദുവിന്റെ മകള്‍ നവമി അമ്മയെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്ന് വളരെ ശ്രമകരമായാണ് ബിന്ദുവിനെ പുറത്തെടുത്തത്.

വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്. കെട്ടിടത്തിനുണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. കെട്ടിടം തകര്‍ന്നു വീണതില്‍ ആരുടെയും ജീവന്‍ പൊലിയാഞ്ഞതു കൊണ്ട് പാര്‍ട്ടിക്ക് ചുളുവില്‍ ഒരു രക്തസാക്ഷിയെ നഷ്ടമായി എന്ന് സാരം. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.