കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെട്ടിടം പൊളിഞ്ഞതില്‍ മന്ത്രിമാരുടെ ന്യായീകരണം വിലപ്പോവില്ല. അപകടത്തെ കുറിച്ച് അന്വേഷണം വേണം. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണു. ഉപയോഗശൂന്യമായിരുന്ന കെട്ടിടമെന്ന് ആശുപത്രി അധികൃതര്‍. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ളവര്‍ സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മൂന്നുനിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.