കോട്ടയം മെഡിക്കല്‍ കോളേജ് തകര്‍ന്ന വിഷയത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. തകര്‍ന്ന കെട്ടിടത്തിന് ആര്‍പ്പൂക്കര പഞ്ചായത്തില്‍ നിന്ന് ഫിറ്റ്നെസ് വാങ്ങിയിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വെളിപ്പെടുത്തുന്നത്. ഒഴിവായത് വലിയ ദുരന്തമാണ്. ആടിയുലയുന്ന കപ്പലിന്റെ ഒരു ഭാഗം നിയന്ത്രിക്കുന്ന മന്ത്രി വീണാ ജോര്‍ജിന് ചിലപ്പോള്‍ ഇതും സിസ്റ്റത്തിന്റെ പിഴവാകും. ചെറിയ പരിക്കെന്ന് നിസാരവത്കരിക്കുന്ന മന്ത്രിമാര്‍ക്കും നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും നമ്പര്‍ വണ്‍ ആരോഗ്യകേരളം എന്ന ടാഗ് ലൈനില്‍ മാത്രമാണ് ശ്രദ്ധ. അതൊക്കെ എപ്പോഴേ ജനം തിരുത്തി കഴിഞ്ഞുവെന്ന് ‘വികസന വക്താവ്’ എന്ന സ്വയം വിളിക്കുന്ന പിണറായിക്ക് മനസ്സിലായിട്ടില്ല. അല്ലേങ്കില് ഇത്രയും വലിയ സര്‍ക്കാര്‍ അനാസ്ഥയെ ഇങ്ങനെയൊക്കെ ന്യായീകരിക്കാന്‍ കഴിയുമോ എന്ന് ചോദ്യമാണ് ഉയരുന്നത്.
ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിന് സംഭവിച്ചത്. കെട്ടിടത്തിന് ഉണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാനും ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. കെട്ടിടം തകര്‍ന്നു വീണതില്‍ ആരുടെയും ജീവന് പൊലിയാഞ്ഞതു കൊണ്ട് പാര്‍ട്ടിക്ക് ചുളുവില്‍ ഒരു രക്തസാക്ഷിയെ നഷ്ടമായി എന്ന് സാരം. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തില്‍ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.