സംസ്ഥാനത്തെ പുതിയ ഡിജിപിയുടെ നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള കടുത്ത വഞ്ചനയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവുമാണെന്ന് കോണ്‍ഗര്‌സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് സിപിഎം അന്ന് ആരുടെ പേരിനാണോ സമരം ചെയ്തത്, ആരെയാണോ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചത്, അതേ ഉദ്യോഗസ്ഥനെ ഇന്ന് ഡിജിപിയായി നിയമിക്കുന്നത് രക്തസാക്ഷികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ നിയമനം നടത്തുന്നത് അമിത്ഷായെ സംതൃപ്തിപ്പെടുത്താനാണ്. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്ത് അഞ്ച് യുവാക്കളുടെ ജീവന്‍ ബലി നല്‍കിയവര്‍, ഇന്ന് അതേ സ്വാശ്രയ നയങ്ങള്‍ സ്വീകരിക്കുകയും സ്വന്തമായി കോളേജുകള്‍ നടത്തുകയും ചെയ്യുന്നു എന്നത് വേറെ കാര്യം. ഡി.ജി.പി നിയമന വിഷയത്തില്‍ പി. ജയരാജന്‍ സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ നയമാണ്. ഒരേസമയം സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയും എന്നാല്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് വ്യക്തതയില്ലാത്ത സമീപനമാണ്. കൂത്തുപറമ്പ് സമരം ഒരു തെറ്റായിരുന്നു എന്ന് പരസ്യമായി സമ്മതിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറാകണം. അമിത് ഷായുമായി ഏറ്റവും അടുപ്പമുള്ള, കേന്ദ്രത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച ഒരു ഉദ്യോഗസ്ഥനെ ഡിജിപിയായി നിയമിക്കുന്നത് പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണ് എന്നത് എല്ലാര്‍ക്കും മനസിലായിട്ടുണ്ട്. പണ്ട് നരേന്ദ്രമോദിയുടെ വിശ്വസ്തനായിരുന്ന ലോകനാഥ് ബഹ്‌റയെ നിയമിച്ച അതേ നയത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.