സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണെന്നും അത് കല്പിച്ചുനല്‍കിയ അധികാരമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല ഇത്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിക്ക് കാരണമായ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയാണ് കെ.സി കുറിച്ചത്. ജാനകി എന്ന് പേര് ചിത്രത്തില്‍ നിന്നും നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും ആദിമധ്യാന്തം കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമാണ് ഇന്ത്യന്‍ സിനിമയില്‍ നിലനിന്നത്. ആ സര്‍ഗാവിഷ്‌കാരങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കാന്‍ കാലങ്ങളോളം ഒരു സ്ഥാപനവും മുതിര്‍ന്നിട്ടുമില്ല. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. ഇത് കല്പിച്ചുനല്‍കിയ അധികാരമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. ആ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല ഇത്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്.
ഭാരതത്തില്‍ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുമുണ്ട്. സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ല. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ഒട്ടേറെ ആശങ്കകള്‍ക്കും ഭയപ്പാടിനും വഴിവയ്ക്കുന്നത് കൂടിയാണ്. യോജിക്കാന്‍ കഴിയില്ല, എന്ന് മാത്രമല്ല, അനുവദിക്കാന്‍ കഴിയുന്നതല്ല ഇത് എന്നത് കൂടിയാണ് ഈ വിഷയത്തില്‍ ഏവരും സ്വീകരിക്കേണ്ടുന്ന നിലപാട്.
മുന്‍പ് എമ്പുരാന്‍ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം പോലും അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായി. എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണ്. കോടതി വരെ കയറിയ വിഷയത്തില്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രഖ്യാപിത അജണ്ടയാണോ ഇതെന്ന ചോദ്യം ഉയര്‍ന്നാല്‍പ്പോലും അതില്‍ അതിശയോക്തിയില്ല. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്? മറുപടി പറയേണ്ടത് അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ്.
തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണം.
അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജാനകിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, കലാകാരന്മാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. നീതിക്കായുള്ള യുദ്ധത്തില്‍ അവരോട് ഐക്യപ്പെടുന്നു. ഒപ്പം, ആ സിനിമയ്ക്ക് മേല്‍ കത്രിക വെച്ച ഓരോ സെന്‍സര്‍ ബോര്‍ഡംഗവും വായിക്കേണ്ടത് ഈ രാജ്യത്തിന്റെ ഭരണഘടനയും വായിച്ചുപഠിക്കേണ്ടത് ചരിത്രവുമാണ് എന്നോര്‍മിപ്പിക്കുന്നു.