Youth Congress | യൂത്ത് കോണ്‍ഗ്രസ് വീട്: ആര്‍ക്കും ആശങ്കവേണ്ടെന്ന് ഷാഫി പറമ്പില്‍ MP

Jaihind News Bureau
Wednesday, July 2, 2025

വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആക്ഷേപം അനാവശ്യമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.അതുസംബന്ധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിശദീകരിക്കും. വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ മുഖ്യമന്ത്രിക്കും ചുമതലയുള്ള മന്ത്രിക്കും നല്‍കിയിട്ടുണ്ട്. എല്ലാ പണവും സര്‍ക്കാരിലേക്ക് വാങ്ങാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കുന്നതിനാണ് സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

വീട് വെയ്ക്കാനുള്ള സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് യൂത്ത് കോണ്‍ഗ്രസും നിര്‍മ്മാണം പൂര്‍ത്തിയാക്കും. അതിലാര്‍ക്കും ആശങ്കവേണ്ട. വീട് നിര്‍മ്മിക്കാന്‍ ശേഖരിച്ച തുകയില്‍ നിന്ന് ഒരു നയാപൈസ പോലും മറ്റൊരു ആവശ്യത്തിന് എടുത്തിട്ടില്ല.സ്ഥലം എപ്പോള്‍ ലഭിക്കുന്നവോ അപ്പോള്‍ ആ തുക വീട് നിര്‍മ്മിക്കാന്‍ വിനിയോഗിക്കും. ജനങ്ങളില്‍ നിന്ന് പരിച്ച തുക കൈവശം വെച്ചിട്ട് സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ടാണ് വൈകിയതെന്നും അതു എന്തുകൊണ്ട് മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.