SUNNY JOSEPH | സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ ജൂലൈ 8ന് സംസ്ഥാന വ്യാപക ധര്‍ണ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Jaihind News Bureau
Wednesday, July 2, 2025

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളുടെ മുന്നിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൂലൈ 8ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ നടത്തിയ ഒന്നാംഘട്ട സമരത്തിന്റെ തുടര്‍ച്ചയാണിത്. ലക്ഷ്യത്തിലെത്തുന്നതുവരെ സമരപരിപാടികള്‍ തുടരുന്നതാണ്.

സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഡോക്ടറുമാരുമില്ല.സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് സാധരണക്കാര്‍ക്ക് താങ്ങാനാവില്ല. മെഡിക്കല്‍ കോളേജിലെ ശോചനീയാവസ്ഥ തുറന്ന് പറഞ്ഞ ഡോ.ഹരീസ് ഹസനെ ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രൊഫഷണല്‍ സൂയിസൈഡാണു താന്‍ നടത്തുന്നതെന്ന് ഡോ.ഹാരിസ് ഹസനു പറയേണ്ടിവന്നു. അത്തരമൊരു പരമാര്‍ശം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഹൃദയവേദനയാണ്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന കര്‍മ്മനിരതനായ ഡോക്ടറാണ് ഹാരീസ് ഹസന്‍. ഡോക്ടറുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തെ കൊണ്ട് വിഴിങ്ങിപ്പിക്കാന്‍ മുഖ്യമന്ത്രി എത്ര ശ്രമിച്ചാലും നടക്കില്ല.

ആരോഗ്യ മേഖലയുടെ ദുരവസ്ഥ പ്രതിപക്ഷം പലതവണ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അവസ്ഥയെ കുറിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ പിസി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതാണ്.സര്‍ക്കാര്‍ ചര്‍ച്ചക്കെടുക്കാന്‍ തയ്യാറായില്ല. അന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ആരോഗ്യവകുപ്പിന് തെറ്റുതിരുത്താന്‍ കഴിയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എംകെ രാഘവന്‍ എംപിയും ടി.സിദ്ധിഖ് എംഎല്‍എയും നിരാഹാരം അനുഷ്ടിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് തുടങ്ങിയത്.അഞ്ചു മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് അതിന് മുന്‍പ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മെഡിക്കല്‍ കോളേജുകളുകളെയും ഞെക്കിക്കൊല്ലുന്ന നിലപാടാണ് സ്വീകരിച്ചത്.

ഡിജിപിയാകാന്‍ പട്ടികയിലുണ്ടായിരുന്ന മറ്റെല്ലാരെക്കാളും യോഗ്യനാണ് റവാഡ ചന്ദ്രശേഖര്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സിപിഎമ്മിന് കണ്ണൂരിലെ സ്വന്തം അണികളെയും കൂത്തുപറമ്പിലെ രക്തസാക്ഷി കുടുംബങ്ങളെയും ഈ ന്യായീകരണം ബോധ്യപ്പെടുത്താന്‍ കഴിയുമോ? പി.ജയരാജനെയെങ്കിലും ബോധ്യപ്പെടുത്താമോ? അല്ലെങ്കില്‍ കൂത്തുപറമ്പ് വെടിവെയ്പ്പ് അവരുണ്ടാക്കിയ തെറ്റായ സമരത്തിന്റെ ഭാഗമായിരുന്നെന്ന് സമ്മതിക്കാന്‍ സിപിഎം തയ്യാറാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും കേന്ദ്ര ഐബി സ്പെഷ്യല്‍ ഡയറക്ടറുടെ പദവിയും വഹിച്ച വ്യക്തിയാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍. അവിടെ നിന്നാണ് അദ്ദേഹത്തെ കേരള പോലീസ് മേധാവിയാക്കിയത്. അത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെയും അന്തര്‍ധാരയുടെയും ഭാഗമാണ്. സിപിഎം നിഷേധിക്കാന്‍ ശ്രമിച്ചാലും ജനമത് തിരിച്ചറിഞ്ഞിട്ടുണ്ട്.

മന്ത്രി സജി ചെറിയാന്‍ മത്സ്യത്തൊഴിലാളികളെ ആവര്‍ത്തിച്ച് അവഹേളിക്കുകയാണ്.ഭരണഘടനയെ അധിക്ഷേപിച്ചിട്ടുള്ള മന്ത്രി സജി ചെറിയാന്‍ കേരളത്തിന്റെ സേനയെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ അപമാനിച്ച നടപടി പ്രതിഷേധാര്‍ഹമാണ്.സജി ചെറിയാന്‍ പ്രസ്താവന തിരുത്തണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ ജൂലൈ 18ന് കോട്ടയത്ത് സംസ്ഥാനതല അനുസ്മരണം നടത്തും. അന്നേ ദിവസം ഡിസിസികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

വിവിധ മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലകളില്‍ ഈ മാസം 4 മുതല്‍ ഡിസിസികളുടെ നേതൃത്വത്തില്‍ സമരസംഗമങ്ങളും കൂട്ടായ്മകളും നടത്തും. തിരുവനന്തപുരം ജില്ലയില്‍ നിന്നായിരിക്കും തുടക്കം. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങി എല്ലാവരും പങ്കെടുക്കും.