Kerala University| ഭാരതാംബ വിവാദം : കേരള സര്‍വ്വകലാശാലാ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന് സസ്‌പെന്‍ഷന്‍; കോടതിയിലേയ്‌ക്കെന്ന് രജിസ്ട്രാര്‍

Jaihind News Bureau
Wednesday, July 2, 2025

തിരുവനന്തപുരം: കേരളസര്‍വ്വകലാശാലാ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന് സസ്‌പെന്‍ഷന്‍ . ഗവര്‍ണര്‍ പങ്കെടുത്ത സമ്മേളനത്തില്‍ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈസ് ചാന്‍സലറുടെ നടപടി. സസ്‌പെന്‍ഷനെതിരേ കോടതിയെ സമീപിക്കാനാണ് രജിസ്ട്രാറുഠെ നീക്കം .
സെനറ്റ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ക്രിമിനല്‍ സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാല്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദമായ വിഷയത്തില്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ നടപടി. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ രജിസ്ട്രാര്‍ കൂട്ടുനിന്നു എന്നതാണ് വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിലെയും ആരോപണം. ന്രിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കേരള സര്‍വകലാശാലാ കാമ്പസിലെ പരിപാടിയുടെ സംഘാടകരായ ശ്രീപത്മനാഭ സേവാസമിതിയുടെ പരാതി അതേരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വിസിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാല്‍ ചടങ്ങ് അട്ടിമറിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു എന്ന സംഘാടകരുടെ ആരോപണവും വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.