ധാക്ക: ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റേതാണ് (ICT) വിധി. അറസ്റ്റ് ചെയ്യുന്ന ദിവസം മുതലോ കീഴടങ്ങുന്ന ദിവസം മുതലോ ശിക്ഷാ കാലാവധി ആരംഭിക്കും.
ജസ്റ്റിസ് എം.ഡി. ഗുലാം മുര്‍ത്തുസ മൊസൂംദര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹസീനയ്ക്കൊപ്പം ഇതേ കേസില്‍ ഗൊബിന്ദഗഞ്ച് സ്വദേശിയായ ഷക്കീല്‍ അകന്ദ് ബുള്‍ബുളിനും രണ്ട് മാസത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗുമായി (BCL) ബന്ധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബുള്‍ബുള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷക്കീല്‍ അകന്ദ് ബുള്‍ബുളുമായി ഷെയ്ഖ് ഹസീന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം ചോര്‍ന്നതാണ് കേസിനാധാരം. ‘എനിക്കെതിരെ 227 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ 227 പേരെ കൊല്ലാനുള്ള ലൈസന്‍സ് എനിക്ക് ലഭിച്ചു’ എന്ന് ഹസീനയുടേതെന്ന് കരുതുന്ന ശബ്ദം ഈ ഓഡിയോയില്‍ പറയുന്നുണ്ടായിരുന്നു.
ഈ പ്രസ്താവന രാജ്യത്തെ നീതിന്യായ നടപടികളെ ഭീഷണിപ്പെടുത്തുന്നതും യുദ്ധക്കുറ്റ വിചാരണകളില്‍ ഉള്‍പ്പെട്ടവരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 11 മാസം മുന്‍പ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്ന ഷെയ്ഖ് ഹസീന ഒരു കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണ്.
2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച അക്രമാസക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടമായത്. സര്‍ക്കാര്‍ ജോലികളിലെ ക്വാട്ട പരിഷ്‌കരണം ആവശ്യപ്പെട്ട് ‘വിവേചനത്തിനെതിരായ വിദ്യാര്‍ത്ഥികള്‍’ (Students Against Discrimination – SAD) എന്ന സംഘടന ആരംഭിച്ച സമരം പിന്നീട് വലിയ പ്രക്ഷോഭമായി മാറുകയായിരുന്നു. ജൂലൈ പകുതിക്കും ഓഗസ്റ്റ് പകുതിക്കും ഇടയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 5-ന് ഹസീന ഇന്ത്യയിലേക്ക് കടന്നു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട് അവരുടെ മുന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിയമനടപടികള്‍ നേരിടുകയാണ്. ഹസീന പുറത്തായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, നൊബേല്‍ സമ്മാന ജേതാവായ 85-കാരന്‍ മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തലവനായി നിയമിച്ചിരുന്നു.