CONGRESS| രാഹുല്‍ ഗാന്ധി ജൂലൈ 11-ന് ഒഡീഷയില്‍; ഭരണഘടനാ സംരക്ഷണ റാലിയില്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാലും പങ്കെടുക്കും

Jaihind News Bureau
Wednesday, July 2, 2025

ഭുവനേശ്വര്‍: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ 11-ന് ഒഡീഷ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. ഭുവനേശ്വറിലെ ബരമുണ്ട ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ‘ഭരണഘടനയെ രക്ഷിക്കുക’ എന്ന പേരിലുള്ള മഹാറാലിയില്‍ അദ്ദേഹം പങ്കെടുക്കും.

എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും റാലിയില്‍ പങ്കെടുക്കുമെന്ന് ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി) അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ് അറിയിച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി ഒഡീഷയിലെത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടിയുടെ വിപുലീകരിച്ച രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നു. റാലിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ശക്തമായ ഏകോപനവും ബഹുജന പങ്കാളിത്തവും ഉറപ്പാക്കണമെന്ന് പി.സി.സി നേതാക്കള്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്തെ പുതിയ ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

ജൂണ്‍ 29-ന് പുരിയില്‍ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് തീര്‍ത്ഥാടകര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.