ഡോ.ഹാരിസ് ചിറക്കലിന്റെ വിവാദ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഹൈലൈറ്റിലുള്ളത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും നേരിടുന്ന പ്രതിസന്ധി തുറന്നു പറഞ്ഞതിനാണ് ഹാരിസിനെ പിണറായി സര്‍ക്കാര്‍ വിടാതെ പിന്തുടരുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പേരു പറയാതെ ഡോ.ഹാരിസിനെ വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടിക്ക് അതൊരു പച്ചക്കൊടിയായിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഗത്യന്തരമില്ലാതെ പലതും തുറന്നു പറയേണ്ടി വന്ന ഹാരിസിനെ പിന്തുണച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദ്യ പ്രതികരണം നടത്തിയത്. ‘അദ്ദേഹം സത്യസന്ധനാണ്, ഉന്നയിച്ച കാര്യങ്ങളിലെ സത്യാവസ്ഥ അന്വേഷിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തില്ല എന്നാണ് കരുതിയത്. എന്നാല്‍ ‘ലേറ്റാ വന്താലും ലേറ്റസ്റ്റായി’ വരുന്ന മുഖ്യന്‍, തന്റെ നിലപാട് പറഞ്ഞതോടെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നായി ഹാരിസിനെ വളഞ്ഞിരിക്കുകയാണ്. ആരോഗ്യകേരളം നമ്പര്‍ വണ്‍ കേരളമെന്നൊക്കെയാണ് പിണറായിയുടെ വെപ്പ്. എന്നാല്‍ അത് മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് തെളിഞ്ഞിരിക്കുകയാണ് ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെ. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നടപടിയില്‍ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതിലൂടെ വീണ്ടും പാര്‍ട്ടിക്ക് സമ്മര്‍ദ്ദമേറുകയാണ്.
മുഖ്യമന്ത്രിയുടെ പച്ചക്കൊടിയോടെ മാളത്തിരുന്ന പലരും പുറത്തേക്ക് വന്നു. അതില്‍ പ്രധാനിയാണ് മന്ത്രി സജി ചെറിയാന്‍. വീണാ ജോര്‍ജ് മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് മന്ത്രി നല്‍കിയ പ്രോഗ്രസ് റിപ്പോര്‍ട്ട്. എന്നാല്‍ ജനം വിഡ്ഢികളല്ലെന്നും കേരളത്തിന്റെ ആരോഗ്യരംഗം ഏത് ദിശയിലേക്കാണ് പോകുന്നതെന്നും വ്യക്തമായി മനസ്സിലാക്കിയവരാണ് സാധാരണക്കാരെന്നും ഇടതുപക്ഷവും ഓര്‍ത്താല്‍ നന്ന്. ഇനി പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനിലേക്ക് വരുകയാണെങ്കില്‍ അദ്ദേഹത്തിന് ഇത് ഒരു ചെറിയ പ്രശ്‌നമാണത്രെ. മരുന്നില്ലാതെ ജനം വലയുന്നതും മതിയായ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കുന്നതും ഗോവിന്ദന്‍ മാഷിനെ ബാധിക്കുന്നില്ലെന്നാണ് പറയുന്നത്. ‘ചെറിയ പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കുകയാണ്. ആരോഗ്യരംഗം പൂര്‍ണമായി തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുകയാണ്’. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല, പാര്‍ട്ടിയുടെ മുഴുവന്‍ അഭിപ്രായം കൂടിയാണെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി കൂടി ഇറങ്ങിയപ്പോള്‍ വ്യക്തമായി. ‘തിരുത്തല്‍ അല്ല തകര്‍ക്കല്‍’ എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
ഏറ്റവും ഒടുവില്‍ ഇന്ന് ഡോ.ഹാരിസ് ചിറയ്ക്കല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ പ്രസ്താവന ‘തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായേക്കാം, എന്നാലും നിലപാടില്‍ തുടരും’ എന്നാണ്. മറ്റ് മാര്‍ഗങ്ങളില്ലാതെ ഒരാള്‍ നടത്തുന്ന ഒന്നാണ് ആത്മഹത്യ. അതുപോലെ താന്‍ നടത്തിയ ഒന്നാണ് ഈ വെളിപ്പെടുത്തല്‍. അതിനെ ‘പ്രൊഫഷണല്‍ സൂയിസൈഡ്’ എന്ന് വിളിക്കാം. അതെ, സത്യങ്ങള്‍ക്കു ഈ നാട്ടില്‍ ഒരു വിലയുമില്ല. ആര്‍ക്കും അത് കേള്‍ക്കുകയും വേണ്ട. കഥയുടെ സാരം-ഇടതു സഹയാത്രികരാണെങ്കിലും വീഴ്ച കണ്ടാല്‍ മിണ്ടാതിരിക്കണം.