CRICKET| ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം മുഖാമുഖം; വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് പോരാട്ടം ആവേശമാക്കാന്‍ ഇരു ടീമുകളും

Jaihind News Bureau
Wednesday, July 2, 2025

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് പോരിനിറങ്ങാന്‍ ഇന്ത്യയും പാകിസ്ഥാനും. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് പോരാട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ള പോരാട്ടം നടക്കുക. ഈ മാസം 20നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരം. മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇരു ടീമുകളിലും ഉണ്ടാകും. യുവരാജ് സിങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുന്‍ നിര താരങ്ങളുമായിട്ടാകും ഇന്ത്യ മൈതാനത്ത് ഇറങ്ങുക.

അതേസയം, യൂനിസ് ഖാനാണ് പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ തുടങ്ങിയവര്‍ പാക് ടീമിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ഷാഹിദ് അഫ്രീദിയും പാക് ടീമിലുണ്ടെന്നതാണ് പ്രത്യേകത. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരേയും താരം മോശം പരാമര്‍ശങ്ങള്‍ പാക് മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നു. അതിനിടെയാണ് വീണ്ടും പോരാട്ടം എന്നതും ശ്രദ്ധേയമാണ്.

ഈ മാസം 18 മുതലാണ് പോരാട്ടം നടക്കുക. ഓഗസ്റ്റ് രണ്ടിന് ഫൈനല്‍ മത്സരം നടക്കും. ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ തുടങ്ങയവരാണ് ലീഗില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍.