ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വീണ ജോര്‍ജ് കേരളം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രി എന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച പണം വക മാറ്റി മന്ത്രി ചെലവഴിക്കുകയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. മെഡിക്കല്‍ കോളജുകളിലെ അവസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ നടന്ന സമരത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി ഡിസിസി ഭാരവാഹികള്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ആശുപത്രികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും, അനാസ്ഥയ്ക്കുമെതിരെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് ഇന്നലെ പ്രതിഷേധിച്ചിരുന്നു പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി നിര്‍വ്വഹിച്ചു.