KC VENUGOPAL| സര്‍ക്കാര്‍ ആശുപത്രികള്‍ ആളെക്കൊല്ലി ആശുപത്രികളായി; ആരോഗ്യരംഗം അത്യാസന്ന നിലയില്‍: കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Tuesday, July 1, 2025

സര്‍ക്കാര്‍ ആശുപത്രികള്‍ ആളെക്കൊല്ലി ആശുപത്രികളായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേരളത്തിലെ സാധാരണ ജനങ്ങളുടെ മൗലികമായ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസിന്റെ മെഡിക്കല്‍ കോളേജ് സമരമെന്നും വരാനിരിക്കുന്ന സമരപോരാട്ടത്തിന്റെ സൂചന മാത്രമാണ് ഇന്നത്തെ സമരമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗം അത്യാസന്ന നിലയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മെഡിക്കല്‍ കേളേജുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാനതല പ്രതിഷേധം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ സിസ്റ്റത്തിന്റെ തകരാറെന്ന് പറയാതെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി അത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ശസ്ത്രക്രിയ ചെയ്യേണ്ട രോഗി വലിയ തുക കൊടുത്ത് ഉപകരണങ്ങള്‍ വാങ്ങി ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയിലാണ് കേരളത്തിലെത്തിലെ ആരോഗ്യരംഗം.  എന്നിട്ടാണ് ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന് പിണറായി വിജയന്‍ വീമ്പിളക്കുന്നത്. ധനകാര്യ മന്ത്രി യഥാര്‍ത്ഥ വസ്തുത മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. 2010 ന് ശേഷം ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുകയും, വകയിരുത്തിയ തുകയും സര്‍ക്കാര്‍ പുറത്ത് വിടണം. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വരുമ്പോള്‍ മുഖം ചുളിച്ചിട്ട് കാര്യമില്ലെന്നും യഥാര്‍ത്ഥ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നുവന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.