കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി. കേരളത്തിലെ സര്‍ക്കാര്‍ ‘നോട്ട് അവയ്‌ലബിള്‍’ ആണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ പിടികൂടിയിരിക്കുന്നത് ഗുരുതരമായ പി ആര്‍ രോഗമാണെന്നും ആരോഗ്യമന്ത്രി അനാരോഗ്യമന്ത്രിയായിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്‍പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കം നടിക്കുന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍ ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടേണ്ടി വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സഖാവിനെ കൊണ്ടു തന്നെ ശബ്ദമുയര്‍ത്തിക്കേണ്ട അവസ്ഥയുണ്ടാക്കിയ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ആളുടെ പേരാണ് പിണറായി വിജയനന്നും അത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സൂചി വാങ്ങാന്‍ പണമില്ല. എന്നാല്‍ പി ആര്‍ പ്രവര്‍ത്തകര്‍ക്കു നല്‍കാന്‍ ഭരണകൂടത്തിന്റെ കൈയില്‍ പണമുണ്ട്. നമ്പര്‍ വണ്‍ എന്നു എന്ന് തള്ളി മറിക്കുമ്പോഴും രോഗികള്‍ പണം പിരിച്ചാണ് ചികിത്സ നടത്തുന്നത്. തിരുവനന്തപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച രണ്ട് കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തിരിഞ്ഞു നോക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട സഹോദരിക്കു വേണ്ടി മൊഴി കൊടുത്ത നഴ്‌സിനെ സ്ഥലം മാറ്റിയ നാണംകെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളില്‍ എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് ഉണ്ടായതല്ലെന്നും അത് കേരളം കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്ത നേട്ടമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.