പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ ഗുരുതര സുരക്ഷാ വീഴ്ചയും നാടകീയ രംഗങ്ങളും. 30 വര്‍ഷമായി തനിക്ക് നീതി കിട്ടുന്നില്ലെന്ന പരാതിയുമായാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് മേധാവിക്ക് അടുത്തേക്ക് എത്തി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.
തനിക്ക് നീതി കിട്ടാത്തതിന്റെ രേഖകള്‍ ഉയര്‍ത്തിക്കാട്ടി കണ്ണൂര്‍ സ്വദേശി ബഷീറാണ് പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച ബഷീര്‍ പരാതി എന്തെന്നതില്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്.
താന്‍ മുന്‍ പോലീസുകാരന്‍ ആണെന്നും ഗള്‍ഫിലുള്ള മാധ്യമത്തിന്റെ ലേഖകനാണെന്നും പറഞ്ഞ ബഷീര്‍ മുത്തങ്ങയുമായി ബന്ധപ്പെട്ട സിനിമയില്‍ തന്റെ പേര് ദുരുപയോഗം ചെയ്തു തുടങ്ങിയ നിരവധി പരാതികളാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നാണ് ഇയാള്‍ പരാതി ഉയര്‍ത്തുന്നത്. ബഷീറിന്റെ ഭാര്യ നല്‍കിയ പരാതിയുേടതുള്‍പ്പെടെയുള്ള പകര്‍പ്പുകളുമായാണ് ഇയാളെത്തിയത്. പുതിയ ഡിജിപിയുടെ ചുമതല ഏല്‍ക്കല്‍ ചടങ്ങില്‍ തന്നെ പോലീസ് ആസ്ഥാനത്ത് സുരക്ഷാവീഴ്ചയും നാടകീയ രംഗങ്ങളുമുണ്ടായത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമാവുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം സംസ്ഥാന പൊലിസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ പോലീസ് ആസ്ഥാനത്ത് DGP യുടെ താല്ക്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച് വെങ്കിടേഷില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ചുകൊണ്ടാണ് റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റത്. ഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ തലസ്ഥാനത്ത്
എത്തിയ അദ്ദേഹം പൊലീസ് ആസ്ഥാനത്തെത്തി ധീര സ്മൃതി ഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചത്. ഐബി സ്‌പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പുതിയ നിയമനം ലഭിച്ചത്. പൊതു ജനത്തിന് നീതി ഉറപ്പാക്കുമെന്നും ക്രമസമാധാനം ശക്തമാക്കുമെന്നും ചുമതല ഏറ്റെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.