RAILWAY CHARGE| ഇന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂടും ; വര്‍ധന ഇങ്ങനെ

Jaihind News Bureau
Tuesday, July 1, 2025

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍(ജൂലൈ ഒന്ന്) പ്രാബല്യത്തില്‍. പരാമാവധി നിരക്ക് വര്‍ധന കിലോമീറ്ററിന് രണ്ട് പൈസയായിരിക്കും. എ സി ഇതര കോച്ചുകളുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം ഉയരും. എ സി കോച്ചിന്റെ നിരക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതവും കൂടും. എന്നാല്‍ 500 കിലോമീറ്റര്‍ വരെയുള്ള സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളുടെയും സാധാരണ സെക്കന്‍ഡ് ക്ലാസ് യാത്രയുടെയും നിരക്കില്‍ മാറ്റമില്ല. പ്രതിമാസ സീസണ്‍ ടിക്കറ്റുകളെയും (എംഎസ്ടി) വിലവര്‍ധന ബാധിക്കില്ല.

കൂടാതെ, റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് തുടങ്ങിയ മറ്റ് നിരക്കുകളും മാറ്റമില്ലാതെ തുടരും. 2020ന് ശേഷമുള്ള ആദ്യ വര്‍ദ്ധനവാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നത്. 2024-25 കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേ 81 കോടി റിസര്‍വ്ഡ് ബുക്കിങ്ങുകളാണ് കൈവരിച്ചത്. 2014-15 നെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ വര്‍ധനവാണിത്.

തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ റെയില്‍വേ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അംഗീകൃത ആധാര്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് റെയില്‍വേ അറിയിച്ചത്. ഇന്ന് മുതല്‍ ഈ മാറ്റവും പ്രാബല്യത്തില്‍ വരും.

തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സാധാരണ അന്തിമ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയതെന്നാണ് റെയില്‍വേ അറിയിച്ചത്. 2025 ജൂലൈ 15 മുതല്‍ തത്കാല്‍ ബുക്കിങ്ങുകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി നിര്‍ബന്ധമാക്കും. ഇന്ത്യന്‍ റെയില്‍വേയുടെ കമ്പ്യൂട്ടര്‍വത്കൃത പിആര്‍എസ് കൗണ്ടറുകള്‍ വഴിയും അംഗീകൃത ഏജന്റുമാര്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സിസ്റ്റം-ജനറേറ്റഡ് ഒടിപിയുടെ ആധികാരികത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇത് ലഭ്യമാകൂ എന്നും റെയില്‍വേ അറിയിക്കുകയുണ്ടായി.

ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് തത്കാല്‍ ബുക്കിങ് വിന്‍ഡോയുടെ ആദ്യ 30 മിനിറ്റിനുള്ളില്‍ ഉദ്ഘാടന ദിവസത്തെ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന് റെയില്‍വേയുടെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. രാവിലെ 10 മുതല്‍ 10:30 വരെ എസി ക്ലാസുകള്‍ക്കും 11 മുതല്‍ 11:30 വരെ നോണ്‍ എസി ക്ലാസുകള്‍ക്കും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ല.