HIGHCOURT| വി എസ് അച്യുതാനന്ദന്‍റെ മകന്‍റെ നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

Jaihind News Bureau
Friday, June 27, 2025

ഐഎച്ച്ആര്‍ഡി തത്കാലിക ഡയറക്ടര്‍ പദവിയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കി. വിഎ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. യുജിഎസ് മാനദണ്ഡ പ്രകാരം 7 വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമായ കാര്യമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി തുറന്നു വിമര്‍ശിച്ചു.