UPSC MEETING| സംസ്ഥാന പോലീസ് മേധാവി: യുപിഎസ്‌സി യോഗം ഇന്ന് ഡല്‍ഹിയില്‍

Jaihind News Bureau
Thursday, June 26, 2025

സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ളവരുടെ പാനല്‍ തയ്യാറാക്കാന്‍ നിര്‍ണായക യുപിഎസ്‌സി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ പട്ടിക ഇന്ന് യുപിഎസ്‌സി അംഗീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആറു പേരുടെ പട്ടികയില്‍നിന്നുള്ള മൂന്നു പേരുകളാകും ഡല്‍ഹിയില്‍ ചേരുന്ന യുപിഎസ്‌സി യോഗം അംഗീകരിക്കുക.

കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയും നിലവിലെ ഡി ജി പിയും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിസഭയ്ക്കോ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഈ മാസം 30ന് കഴിയും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡി ജി പിയെ തിരഞ്ഞെടുക്കുന്നത്.

30 വര്‍ഷം സര്‍വീസും ഡിജിപി റാങ്കുള്ളവരെയും പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സസ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ എന്നീ ക്രമത്തില്‍ 6 പേരുകളാണ് കേരളം അയച്ചത്.

ആദ്യ 3 പേരുകളാണ് സീനിയോറിറ്റി തലത്തില്‍ സാധാരണയായി പരിഗണിക്കുക. റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്കില്ലെങ്കില്‍ ചുരുക്കപ്പട്ടികയില്‍ മൂന്നാമനായി മനോജ് ഏബ്രഹാം എത്തും. പട്ടികയില്‍ നിന്ന് എഡിജിപി എം.ആര്‍.അജിത്കുമാറിനെയും എഡിജിപി സുരേഷ് രാജ് പുരോഹിതനെയും ഒഴിവാക്കും. ഡിജിപി റാങ്കിലുള്ള നാലു പേര്‍ പട്ടികയിലുള്ളതിനാലാണ് എഡിജിപി റാങ്കുള്ളവരെ ഒഴിവാക്കുന്നത്.