നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ലീഡ് നില തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2,814 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷൗക്കത്ത് നേടിയത്. ഇനി യുഡിഎഫിന്റെ മറ്റൊരു പ്രഭവ കേന്ദ്രമായ മൂത്തേടം പഞ്ചായത്തിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇവിടെയും വ്യക്തമായ ഭൂരിപക്ഷംനേടുമെന്ന് തന്നെയാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
ഇന്ന് രാവിലെ 8 ന് തന്നെ ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം നാല് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ആദ്യം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിതുടങ്ങുന്നത്. യുഡിഎഫ് ആധിപത്യമുള്ള വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യ 8 റൗണ്ടുകളില്‍ എണ്ണുക. ഇവിടങ്ങളില്‍ നിന്നും വ്യക്തമായ ലീഡ് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണും.