ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം. യുവ നായകന് ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ കന്നി പരീക്ഷണത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
വിരാട് കോഹ്ലി, രോഹിത് ശര്‍മ, ആര് അശ്വിന് എന്നിവര്‍ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ശുഭ്മാന്‍ ഗില്‍ നായകനായും ഋഷഭ് പന്ത് ഉപനായകനായും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പരമ്പരയെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ തലമുറമാറ്റം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏതുരീതിയിലാകും പ്രതിഫലിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനടക്കം മാറി യുവതലമുറയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്ക് വേണ്ടി ടീമിനെ പ്രഖ്യാപിച്ചത്. പരിശീലകനെന്നനിലയില്‍ ഗൗതം ഗംഭീറിനും അത്ര പരിചയസമ്പത്തില്ല. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
അതേസമയം,ആദ്യ പരമ്പരക്കുള്ള ടീമിനെ ഇന്ത്യയേക്കാള്‍ ഒരു മുഴം മുന്നേ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ടോസ് വേളയിലാകും ഇന്ത്യന്‍ ടീം അന്തിമമാകുക. ഇന്ത്യന്‍ ടീമില്‍ മൊത്തം 100 ടെസ്റ്റ് കളിച്ച ആരുമില്ല. 50 ടെസ്റ്റിനു മുകളില്‍ കളിച്ചത് ആകെ രവീന്ദ്ര ജഡേജയും കെഎല്‍ രാഹുലും മാത്രം. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. 2007ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതിന് ഇക്കുറി മാറ്റം വരുത്തുകയാണ് ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതിനാല്‍ പരിശീലകന് എന്ന നിലയില്‍ ഗംഭീറിനും നിര്‍ണായക മത്സരമാണ്. ജോ റൂട്ടും ബെന്‍ സ്റ്റോക്സും അടങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ നേരിടുക എന്നത് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവന്): സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടോങ്, ഷോയിബ് ബഷീര്‍
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്/പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്