PJ FRANCIS| രാഷ്ട്രീയകേരളത്തെ ഞെട്ടിച്ച് വി.എസിനെ പരാജയപ്പെടുത്തിയ ശ്രദ്ധേയന്‍; കോണ്‍ഗ്രസ് നേതാവ് പി.ജെ ഫ്രാന്‍സിസ് അന്തരിച്ചു

Jaihind News Bureau
Thursday, June 19, 2025

മാരാരിക്കുളം മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ജെ. ഫ്രാന്‍സിസ് അന്തരിച്ചു. 1996 ല്‍ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോല്‍പ്പിച്ച അദ്ദേഹത്തിന്റെ ചരിത്രം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒഴിവാക്കാനാകാത്ത ഒരു അധ്യായമാണ്. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായ മാരാരിക്കുളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അവിടെ വിജയിച്ച ഏക കോണ്‍ഗ്രസുകാരനും അദ്ദേഹമാണ്. ആലപ്പുഴ ഡിസിസിയുടെ മുന്‍ വൈസ് പ്രസിഡന്റും 1978 ല്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു ശ്രീ. പി.ജെ ഫ്രാന്‍സിസ്.

ആലപ്പുഴയില്‍ ഡിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് 1987,91 വര്‍ഷങ്ങളിലാണ് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.ആര്‍. ഗൗരിയമ്മയ്ക്കെതിരെ ആയിരുന്നു മത്സരം. അതിന് ശേഷമാണ് രാഷ്ട്രീയകേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് മാരാരിക്കുളത്തുനിന്ന് അദ്ദേഹം വിജയിക്കുന്നത്. മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ 1965 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതും മറ്റൊരു ചരിത്രമായിരുന്നു. 2001-ല്‍ മാരാരിക്കുളത്ത് നിന്ന് വീണ്ടും മത്സരിച്ചെങ്കിലും തോമസ് ഐസക്കിനോട് പരാജയപ്പെടുകയായിരുന്നു.