ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ. ഏറെ നാളുകള്‍ക്കുശേഷമാണ് ഇങ്ങനെയൊരു ധാരണയിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങളും പുതിയ ഹൈകമ്മീഷണര്‍മാരെ നിയമിക്കും. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ഹൈക്കമ്മീഷനില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു രണ്ട് രാജ്യങ്ങളും തമ്മിലുള്ള ധാരണ തെറ്റിയതി. ഈ അകല്‍ച്ച തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ വീണ്ടും ധാരണയില്‍ എത്തിയത്.
കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നാണ് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചത്. മോദി കാനഡയിലെത്തുന്നതും ഒരു ദശാബ്ദത്തിനുശേഷമാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം തുടരുമെന്നും മോദി വ്യക്തമാക്കി.