K MURALEEDHARAN| ഇടത് ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പ്: കെ. മുരളീധരന്‍

Jaihind News Bureau
Tuesday, June 10, 2025

 

ഒമ്പത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍. സമസ്ത മേഖലയിലും കേരളം തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം പോലും നല്‍കാത്ത സര്‍ക്കാര്‍ പി എസ് സി അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയത്. പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം മോദി ചമയുകയാണെന്നും കുറ്റപ്പെടുത്തി. ടി ലാലു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി., ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ., കെ.എം. ഷാജി, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ജോസ് വള്ളൂര്‍, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി, യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ പി. അഷ്റഫ്, കണ്‍വീനര്‍ എന്‍.കെ. കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, ഫൈസല്‍ ബാബു. വി.പി. റഷീദ്, സലീന റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.