അഫ്ഗാനിസ്ഥാനിൽ സ്വർണ ഖനി തകർന്ന് 30പേർ മരിച്ചു

Jaihind Webdesk
Monday, January 7, 2019

Afghan-Mine-Blasts

അഫ്ഗാനിസ്ഥാനിൽ സ്വർണ ഖനി തകർന്ന് 30പേർ മരിച്ചു. വടക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാൻ പ്രവിശ്യയിലാണ് അപകടം നടന്നത്. 60 മീറ്റർ താഴ്ചയുള്ള ഗുഹയിൽ അനധികൃതമായി ഖനനം നടത്തുന്നതിനിടെ ഭിത്തിതകർന്നാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

വടക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് അനധികൃതമായി സ്വർണം ഖനനം ചെയ്യാനനുള്ള ശ്രമത്തിനിടെ മുപ്പതു പേർ മണ്ണിടിഞ്ഞു വീണ് മരിച്ചത്. ബദഖ്ഷാൻ പ്രവിശ്യയിലെ കോഹിസ്ഥാൻ ജില്ലയിലാണ് അപകടം നടന്നത്. 60 മീറ്റർ താഴ്ചയുള്ള ഗുഹയിൽ സ്വർണ്ണം കുഴിച്ചെടുക്കുന്നതിനിടെയാണ് ചുമർ തകർന്ന് അപകടമുണ്ടായത്. സ്വർണത്തരികൾ ശേഖരിക്കാൻ നേരത്തേ കുഴിച്ചിരുന്ന പുഴയുടെ അടിത്തട്ടിൽ വീണ്ടും കുഴിച്ചതാണ് അപകടകാരണം. നിരവധി ഗ്രാമീണർ ഇതിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം, മുൻകരുതൽ എടുക്കാതെ അശാസ്‌ത്രീയമായി നടത്തിയ ഖനനമാണ് അപകടമുണ്ടാക്കിയതെന്ന് ബദഖ്ഷാൻ പ്രവിശ്യാ ഗവർണറുടെ വക്താവ് അറിയിച്ചു. സർക്കാർ അനുമതിയില്ലാതെ ഗ്രാമവാസികൾ ഇത്തരത്തിൽ ചില പ്രദേശങ്ങളിൽ ഖനനം നടത്തുന്നത് പതിവാണ്. താജികിസ്ഥാൻ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പർവത പ്രദേശമായ ബദഖ്ഷാൻ പ്രവിശ്യയിൽ ഉരുൾപൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നത് പതിവാണ്.