എന്ന് തീരുമീ ദുരിതം? ; കാസര്‍ഗോഡ് ദേശീയപാതയില്‍ ഗര്‍ത്തം

Jaihind News Bureau
Tuesday, May 27, 2025

കാസര്‍ഗോഡ് ദേശീയ പാതയില്‍ വീണ്ടും ഗര്‍ത്തം.ബേവിഞ്ച കാനത്തുംകുണ്ട് ദേശീയപാതയിലാണ് ഗര്‍ത്തമുണ്ടായത്. നിര്‍മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡായി വരുന്ന ഭാഗത്താണ് ഉച്ചയോടെ ഗര്‍ത്തം രൂപപ്പെട്ടത്. ദേശീയ പാതയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വിള്ളലും ഗര്‍ത്തവും മണ്ണിടിച്ചിലും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപം പുതുതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഇന്ന് ഉച്ചയോടെ ഗര്‍ത്തം രൂപപ്പെട്ടത്. കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചുവെങ്കിലും ആശങ്ക തുടരുകയാണ്. അതേസമയം, വടകര മൂരാട് പാലത്തിന് സമീപവും റോഡില്‍ വിള്ളല്‍. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ കണ്ടെത്തിയിട്ടുള്ളത്. ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചിരിക്കുകയാണ്. തുടരെത്തുടരെ ഉണ്ടാകുന്ന ദേശീയപാതാ തകര്‍ച്ചയില്‍ അധികൃതര്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാര്‍ പറയുന്നു.