അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടയ്‌നറുകള്‍ തെക്കന്‍തീരത്തേക്കടിയുകയാണ്. വര്‍ക്കല അയിരൂര്‍ അഞ്ചുതെങ്ങ് മേഖലകളില്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. ഇവയില്‍ നിന്നുള്ള പാഴ്‌സലുകളും കടലില്‍ ഒഴുകി നടക്കുകയാണ്. കൊല്ലം തീരത്ത് അടിഞ്ഞ 35 കണ്ടെയ്‌നറുകള്‍ കടല്‍ മാര്‍ഗ്ഗം കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടി ലേക്ക് മാറ്റും. കണ്ടെയ്‌നറുകളില്‍ നിന്നുള്ള രാസവസ്തുക്കള്‍ സംബന്ധിച്ചുളള ആശങ്ക തുടരുകയാണ്. തീരസേനയുടെ സമുദ്ര പ്രഹരി കപ്പല്‍ കൂടി ഇന്ന് മേഖലയില്‍ എത്തും.
തിരുവനന്തപുരം വര്‍ക്കലയ്ക്ക് സമീപം മാന്തറ, വെട്ടൂര്‍, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. തീരത്തടിഞ്ഞ കണ്ടൈനറുകളില്‍ ഉള്ളത് പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ആണെന്നും അപകടകരമല്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്തും എന്നതിനാല്‍ ജാഗ്രത തുടരണമെന്നാണ്് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം കൊച്ചിയില്‍ മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്നറുകളില്‍് പതിനാലെണ്ണമാണ് കൊല്ലം തീരത്തെത്തിയത്. നിലവില്‍ ജൂണ്‍ ഒന്ന് വരെ പ്രദേശത്ത് മീന്‍ പിടിത്തം നിരോധിച്ചിരിക്കുകയാണ്.
തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇതില്‍നിന്ന് ചരക്കുകള്‍ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്‌നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്. കരതൊടുന്നതനുസരിച്ച് സംഘമെത്തി കണ്ടെയ്‌നറുകള്‍ പരിശോധിക്കുകയും അപകടകരമല്ലാത്ത വസ്തുക്കളുള്ളത് കൊച്ചി തുറമുഖത്തേക്ക് എത്തിക്കും. ഇല്ലെങ്കില്‍ സമീപത്തെ കസ്റ്റംസ് ഓഫീസിന്റെ കസ്റ്റഡിയിലാകും.