ഡിജിറ്റല്‍ സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ സര്‍ക്കാരിന്റെ നടപടിയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷമായി എന്താണ് അന്വേഷിക്കുന്നതെന്ന് കോടതി ചോദിച്ചു. ആനുകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും തികച്ചും അപരിചിതമെന്നും കോടതി കുറ്റപ്പെടുത്തി. എന്നാല്‍, അച്ചടക്ക നടപടി നിലനില്‍ക്കുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സര്‍ക്കാരിന്റെ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസം പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ച നടപടിക്കെതിരെ സിസ തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിസ തോമസിനോട് സര്‍ക്കാരിന് എന്താണിത്ര വിരോധമെന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ കോടതി ചോദിച്ചിരുന്നു. ഗവര്‍ണര്‍ ഏല്‍പ്പിച്ച ജോലിയല്ലേ അവര്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു. ഹര്‍ജിയിലുള്ള സര്‍ക്കാര്‍ വിശദീകരണത്തിലാണ് കോടതി വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.
33 വര്‍ഷത്തെ സേവനത്തിനുശേഷം 2023 മാര്‍ച്ച് 31നാണ് സിസ തോമസ് വിരമിച്ചത്. എന്നാല്‍ വിരമിക്കലിനു തൊട്ടുമുമ്പ് അച്ചടക്ക നടപടി ഉണ്ടായി എന്ന പേരില്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അവിടെ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.