‘വിഎസിനെ ചതിച്ചത് പാര്‍ട്ടിയിലെ യൂദാസുമാര്‍’: മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്റെ കവിത

Jaihind News Bureau
Tuesday, May 27, 2025

മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം നേതാവ് ജി സുധാകരന്റെ പരോക്ഷ വിമര്‍ശനം. ‘ഇടിമുഴക്കം പോലെ ശബ്ദം, സിംഹ ഗര്‍ജ്ജനം പോലൊരു ആഹ്വാനം’ എന്ന പേരില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിതയിലാണ് സുധാകരന്റെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.

വി എസ് അച്യുതാനന്ദന് 2011ല്‍ തുടര്‍ഭരണം നിഷേധിച്ചത് ‘യൂദാസു’മാരാണെന്ന് ജി സുധാകരന്‍ കവിതയില്‍ പരാമര്‍ശിച്ചു. തുടര്‍ഭരണം വരാതിരിക്കാന്‍ യൂദാസുമാര്‍ പത്മവ്യൂഹം തീര്‍ത്തെന്ന് അദ്ദേഹം തുറന്നടിച്ചു. കുട്ടനാടിന്റെ വീരപുത്രന്‍ എന്നാണ് വിഎസിനെ കവിതയില്‍ വിശേഷിപ്പിച്ചത്.

”കരളുറപ്പോടെ പോരാടിയ ജനസഭ, അതിങ്കല്‍ മുഖ്യനായ് വാണകാലം, വീണ്ടും വരുവാനായ് കൊതിച്ചുനാമെങ്കിലും യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം, മുന്നിലായ് കാണുവാന്‍ മുമ്പെ അറിയാതെ നഷ്ടമായ് ഏറെപ്പടക്കളങ്ങള്‍”-ഇതാണ് വിഎസിനെ കവിതയില്‍ പരോക്ഷമായി പ്രകീര്‍ത്തിക്കുന്ന വരികള്‍.

വിഎസ്-പിണറായി പോര് പാരമ്യത്തിലെത്തിയ സമയത്ത് മുഖ്യമന്ത്രിയായിരുന്ന വി എസ് വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയെന്ന് അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ഇത് തെളിയിക്കുന്നതാണ് സുധാകരന്റെ കവിതയിലെ പരാമര്‍ശം.