പ്രീമിയര്‍ ലീഗ് കിരീടാഘോഷം: ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലേക്ക് കാറിടിച്ചു കയറി; നിരവധി പേര്‍ക്ക് പരിക്ക്

Jaihind News Bureau
Tuesday, May 27, 2025

പ്രീമിയര്‍ ലീഗ് കിരീടം ആഘോഷിക്കുകയായിരുന്ന ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലേക്ക് കാറിടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവറായ 53 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

തെരുവില്‍ നിരന്നിരുന്ന ആരാധകക്കൂട്ടത്തിലേക്ക് കാര്‍ അതിവേഗം പാഞ്ഞുകയറുകയായയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആദ്യം കുറച്ചുപേരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി. തുടര്‍ന്ന് ആളുകള്‍ വാഹനത്തിന് നേരെ പാഞ്ഞുകയറി. എന്നാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ മുന്നോട്ട് പോകുകയും നിരവധി പേരെ ഇടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകോപിതരായ ആരാധകര്‍ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പോലീസെത്തി ആരാധകരെ നിയന്ത്രിക്കുകയായിരുന്നു.

‘ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തോന്നുന്നു, ഇതുമായി ബന്ധപ്പെട്ട് മറ്റാരെയും സംശയിക്കുന്നില്ല. ഇത് തീവ്രവാദമായി കണക്കാക്കുന്നില്ല,’ താല്‍ക്കാലിക ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലിവര്‍പൂളിലെ ദൃശ്യങ്ങള്‍ ഭയാനകമാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ പോലീസിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അതേ സമയം പ്രീമിയര്‍ ലീഗിലെ ഇരുപതാം കിരീടമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും 38 കളിയില്‍ 25 ജയമടക്കം 84 പോയിന്റുമായാണ് ലിവര്‍പൂള്‍ ജേതാക്കളായത്. സീസണില്‍ നാല് കളിയില്‍ മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്.