‘ഭീകരതയും ചര്‍ച്ചയും ഒരേ സമയം സംഭവിക്കില്ല; ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാര്‍’: പാക് പ്രധാനമന്ത്രി

Jaihind News Bureau
Tuesday, May 27, 2025

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. കശ്മീര്‍, തീവ്രവാദം, ജലം പങ്കിടല്‍, വ്യാപാരം തൂടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപ്പറേഷന്‍ സിന്ദൂറിനെയും തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഷെരീഫിന്റെ പ്രതികരണം. ഇറാനില്‍ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമര്‍ശം.

‘ഭീകരതയും ചര്‍ച്ചയും ഒരേ സമയം സംഭവിക്കില്ല. ഭീകരതയും വ്യാപാരവും നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് തീവ്രവാദത്തെയും പാക് അധിനിവേശ കാശ്മീരിനെയും കുറിച്ചായിരിക്കുമെന്ന് ഞാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താല്‍ പാകിസ്ഥാന്‍ പ്രതികരിക്കുമെന്നും ഷെരീഫ് വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 7 ന് ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. ഇന്ത്യയുടെ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. മെയ് 10 ന് പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിച്ചു. സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തുകയായിരുന്നു.