സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മരണം

Jaihind News Bureau
Tuesday, May 27, 2025

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവില്‍ 430 കേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ആഴ്ച 335 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.

തിരുവനന്തപുരത്ത് ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊല്ലം തലവൂര്‍ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്‌നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.