ഐപിഎല്ലില്‍ ആവേശപോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ പഞ്ചാബ് ക്വാളിഫയര്‍ ഒന്നില്‍ ഇടം നേടി. മുംബൈ എലിമിനേറ്റര്‍ മത്സരം കളിക്കണം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഞ്ചാബ് എത്തുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. 39 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പടെ 57 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അര്‍ഷ്ദീപ് സിങ് എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് സൂര്യകുമാര്‍ പുറത്തായത്. ഇതിനിടെ സൂര്യകുമാര്‍ യാദവ് മറ്റൊരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 14 തവണ 25-ലധികം റണ്‍സ് നേടുന്ന ലോകത്തെ ആദ്യ താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമയ്ക്കായിരുന്നു (13) ഈ റെക്കോര്‍ഡ്.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ജോഷ് ഇംഗ്ലിസ്, പ്രിയാംശ് ആര്യ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് പഞ്ചാബിന്റെ മുന്നേറ്റം. ഇംഗ്ലിസാണ് ടോപ് സ്‌കോറര്‍. താരം 42 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം 73 റണ്‍സെടുത്തു. പ്രിയാംശ് ആര്യ 35 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 62 റണ്‍സും സ്വന്തമാക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 26 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബൈക്കായി മിച്ചല്‍ സാന്റ്‌നര്‍ 2 വിക്കറ്റും ജസ്പ്രിത് ബുംമ്ര ഒരു വിക്കറ്റും നേടി.
പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയത് ഗുജറാത്തിന് തിരിച്ചടിയായി. ഇന്ന് നടക്കുന്ന ബാംഗ്ലൂര്‍-ലഖ്‌നൗ പോരാട്ടത്തില്‍ ആര്‍സിബി ജയിച്ചാല്‍ അവര്‍ ഗുജറാത്തിനെ പിന്തള്ളി മുന്നില്‍ കയറും. അതോടെ ഗുജറാത്ത് എലിമിനേറ്റര്‍ കടമ്പ കൂടി കടക്കേണ്ടി വരും.