കരുവന്നൂരില്‍ സി.പി.എം കട്ടെടുത്തത് ജനങ്ങളുടെ പണം; ബി.ജെ.പിയുമായി ബന്ധവമുള്ള ആരെയും ഇ.ഡി ബുദ്ധിമുട്ടിച്ചിട്ടില്ല- വി.ഡി.സതീശന്‍

Jaihind News Bureau
Monday, May 26, 2025

കരുവന്നൂരില്‍ സി.പി.എം ജില്ലാ- സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണ് പാവങ്ങളുടെ 400 കോടിയോളം തട്ടിയെടുത്തത്. തട്ടിപ്പില്‍ സി.പി.എം ജില്ലാ, സംസ്ഥാന, ഏരിയാ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആ കാലഘട്ടത്തില്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പങ്കുണ്ട്. എന്നാല്‍ ഇ.ഡി കുറ്റപത്രം നല്‍കിയതു കൊണ്ട് പ്രതികളെല്ലാം കുടുങ്ങുമെന്ന് വിശ്വസിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ഇ.ഡി പിടിമുറുക്കിയത്. ഇപ്പോള്‍ തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് ഒന്നുകൂടി പിടിമുറുക്കിയിരിക്കുന്നത്. വിലപേശലിന് വേണ്ടി ഇതിനെ മാറ്റുമോയെന്ന പേടിയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ ഇ.ഡി അന്വേഷണം കുറച്ചു പേരില്‍ മാത്രം ഒതുക്കി നേതാക്കളെ രക്ഷിക്കുന്ന ഒത്തുതീര്‍പ്പാണ് ഉണ്ടായത്. കൊടകര കുഴല്‍പ്പണ കേസിലേതു പോലെ പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന ഒത്തുതീര്‍പ്പാണ് ഉണ്ടായത്. കരുവന്നൂരില്‍ ജനങ്ങളുടെ പണമാണ് സി.പി.എം കട്ടെടുത്തത്. കേസില്‍ സി.പി.എമ്മും പ്രതിയായിരിക്കുകയാണ്. ഇപ്പോഴും പണം കിട്ടാത്ത നൂറുകണക്കിന് നിക്ഷേപകരുണ്ട്. പാവങ്ങള്‍ അധ്വാനിച്ച പണമാണ് നേതൃത്വത്തിന്റെ അറിവോടെ സി.പി.എം കൊള്ളയടിച്ചത്. പ്രതികളെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമിച്ചത്. അറിഞ്ഞിട്ടും സി.പി.എം കട്ടെടുത്തതിന്റെ ഷെയര്‍ വാങ്ങുകയായിരുന്നു. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടില്‍ പോലും വിഹിതമെത്തി. നിക്ഷേപകര്‍ക്ക് നീതി കിട്ടുമോയെന്ന് കണ്ടറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.ഡി രാഷ്ട്രീയ എതിരാളികളെ മാത്രമെ ബുദ്ധിമുട്ടിക്കാറുള്ളൂ. ബി.ജെ.പിയുമായി ബന്ധവമുള്ള ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കുറ്റപത്രം നല്‍കിയതില്‍ വലിയ പ്രതീക്ഷയൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.