യുക്രൈനെതിരെ റഷ്യ നടത്തിയ എറ്റവുമൊടുവിലത്തെ വ്യോമാക്രമണത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന് യുക്രൈന്‍ മുഴുവനായും വെണമെന്നുണ്ടെങ്കില്‍ അത് റഷ്യയെ പതനത്തിലേക്ക് നയിക്കുമെന്നാണ് ട്രംപ് പ്രതികരിച്ചത. ഞായറാഴ്ച ന്യൂജേഴ്സിയിലെ മോറിസ്ടൗണ്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുടിനെ വിമര്‍ശിച്ചത്.
‘പുടിനെ എനിക്ക് വളരെ കാലമായി അറിയാം. അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹം നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് ആളുകളെ കൊല്ലുകയാണ്. എനിക്ക് അത് ഒട്ടും ഇഷ്ടമല്ല’-ട്രംപ് പ്രതികരിച്ചു.
ഞായറാഴ്ച രാത്രിയില്‍ യുക്രൈനിലുടനീളം 367 റഷ്യന്‍ ഡ്രോണുകളും മിസൈലുകളുമാണ് വര്‍ഷിച്ചത്. രാജ്യ തലസ്ഥാനമായ കൈവ് ഉള്‍പ്പെടെ നിരവധി നഗരങ്ങള്‍ ആക്രമിച്ചു. ആക്രമണത്തില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 45 മിസൈലുകള്‍ വെടിവച്ചിട്ടതായും 266 ഡ്രോണുകള്‍ നശിപ്പിച്ചതായും യുക്രേനിയന്‍ വ്യോമസേന അവകാശപ്പെട്ടു. മുപ്പതിലധികം നഗരങ്ങളെയും ഗ്രാമങ്ങളെയും ആക്രമണങ്ങള്‍ ബാധിച്ചതായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം സെലന്‍സ്‌കിയെയും ട്രംപ് വിമര്‍ശിച്ചു. സെലന്‍സ്‌കിയുടെ നാക്കില്‍ നിന്ന് വരുന്ന വാക്കുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും തനിക്ക് തോന്നുന്ന കാര്യങ്ങള്‍ സംസാരിക്കുന്ന സെലന്‍സ്‌കി രാജ്യത്തിന് നല്ല കാര്യമല്ല വരുത്തുന്നതെന്നും ട്രംപ് വ്യക്തമാക്കി. റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ട്രംപ് പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ ആക്രമണം നടന്നത്.