കൊച്ചി കപ്പലപകടം: കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്തടിയുന്നു; കൊല്ലത്ത് അടിഞ്ഞത് ഒമ്പത് കണ്ടെയ്‌നറുകള്‍

Jaihind News Bureau
Monday, May 26, 2025

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്തടിയുന്നു. കൊല്ലം തീര മേഖലയില്‍ ഇതിനകം ഒന്‍പതോളം കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞു.

കൊല്ലം ചെറിയഴിക്കല്‍, ചവറ പരിമണം, ശക്തികുളങ്ങര മദാമ്മത്തോപ്, ആല്‍ത്തറമൂട് തീര മേഖല തുടങ്ങിയ സ്ഥലങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കൂടുതല്‍ കണ്ടെയ്‌നറുകളും ഒഴിഞ്ഞ നിലയിലുള്ളവയാണ്. ചില കണ്ടെയ്‌നറുകളിലെ പാഴ്‌സലുകള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. തീര മേഖലയില്‍ കനത്ത ആശങ്ക പടരുകയാണ്.കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ളവരെ അധികൃതര്‍ ഒഴിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുകയാണ്.

അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് നിറച്ചിരുന്ന 13 കണ്ടെയ്‌നറുകളാണ് കടലില്‍ വീണിട്ടുള്ളത്. കാല്‍സ്യം കാര്‍ബൈഡ് ജലവുമായി ചേര്‍ന്നാല്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ള അപകട സാധ്യത കൂടുതലാണ്.