മാനന്തവാടിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു; ഒമ്പതു വയസുകാരിയായ മകളെ കാണാനില്ല

Jaihind News Bureau
Monday, May 26, 2025

വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആണ്‍സുഹൃത്ത് ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.

ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീണ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തതതയില്ല. കുട്ടിയ്ക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയിരുന്നു. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമാക്കി.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.