കൊച്ചി പുറംകടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 ചരക്കുകപ്പലിലെ ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്ന് കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞു. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണ് കണ്ടെയ്നര്‍. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്‌നര്‍ കണ്ടത്. അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാല്‍ കണ്ടെയ്നര്‍ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. രാത്രി വൈകിയും ഇതിനുള്ള ശ്രമം തുടരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തും..
കേരള തീരത്ത് തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലെ കണ്ടെയ്നറിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരങ്ങളില്‍ എത്താനാണ് സാധ്യത എന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.
കപ്പലില്‍ ഏകദേശം 640 കണ്ടെയ്നറുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 100 ഓളം കണ്‍ടെയ്നര്‍കള്‍ കടലില്‍ വീണിട്ടുണ്ടാകും. ഇവ മണിക്കൂറില്‍ ഏകദേശം 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പല്‍ മുങ്ങിയ ഇടത്തു നിന്നും ഏകദേശം 37 കിലോമീറ്റര്‍ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ടാണ് ചരക്കുകപ്പലായ എംഎസ്സി എല്‍സ 3 അറബിക്കടലില്‍ ചരിഞ്ഞത്. 24 ജീവനക്കാരില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്ത ഓപ്പറേഷനിലൂടെ ഇന്നലെ രാത്രി എട്ടോടെ രക്ഷപ്പെടുത്തി. കപ്പലില്‍ തുടര്‍ന്ന ക്യാപ്റ്റനെയും ചീഫ്, സെക്കന്റ് എന്‍ജിനിയര്‍മാരെയും ഇന്ന് രാവിലെ രക്ഷപ്പെടുത്തി. റഷ്യന്‍ പൗരനാണ് ക്യാപ്റ്റന്‍. 20 ഫിലിപ്പീന്‍സുകാരും രണ്ട് യുക്രെയ്ന്‍ പൗരന്മാരും ഒരു ജോര്‍ജിയക്കാരനുമാണ് മറ്റുള്ളവര്‍. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.കി.മി ) അകലെ തെക്കുപടിഞ്ഞാറായി ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.