കൊച്ചി : കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 പൂര്‍ണ്ണമായും മുങ്ങിയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നൗട്ടിക്കല്‍ മൈല്‍ അകലെയാണ് മുങ്ങിയത്. കപ്പലിലെ ജീവനക്കാരെ എല്ലാവരെയും രക്ഷിച്ചതായും അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണമായും മുങ്ങിയ ശേഷം കപ്പല്‍ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലാണ് കരയില്‍ എത്തിയത്. റഷ്യന്‍ പൗരനാണ് ക്യാപ്റ്റന്‍ . കൂടാതെ 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
ഏകദേശം 100ഓളം കണ്‍ടെയ്‌നര്‍കള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. കപ്പലിലെ ഇന്ധനമായ എണ്ണയും ചോര്‍ന്നിട്ടുണ്ട് . ഇവ ഏകദേശം 3 കിലോ മീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ ഉള്ള പൊടി എണ്ണ പാടയ്ക്ക് മേല്‍ തളിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്‍ടെയ്‌നര്‍ എത്താന്‍ കൂടുതല്‍ സാധ്യതയെന്നും വിലയിരുത്തുന്നു. എണ്ണപ്പാട കേരളതീരത്ത് എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരം പൂര്‍ണ്ണമായും ജാഗ്രത നേര്‍ദേശം നല്കിയിട്ടുണ്ട്.
തീരത്ത് അപൂര്‍വ്വ വസ്തുക്കള്‍, കണ്‍ടെയ്‌നര്‍ എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവയുടെ അടുത്ത് കൂട്ടം കൂടരുതെന്നും 200 മീറ്റര് എങ്കിലും അകലെ നില്‍ക്കണമെന്നും നിര്‍ദ്ദശിക്കുന്നു. എന്തെങ്കിലും കണ്ടെയ്‌നറുകളെ കുറിച്ച് അറിഞ്ഞാല്‍ 112ല്‍ അറിയിക്കണം. മത്സ്യ തൊഴിലാളികള്‍ നിലവില്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശം നേരത്തേ തന്നെ നല്കിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂര്‍വ്വ വസ്തുക്കള്‍, കണ്‍ടെയ്‌നര്‍ എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത് 112ല്‍ അറിയിക്കുക എന്ന നിര്‍ദേശം മത്സ്യ തൊഴിലാളികള്‍ക്കും ബാധകം ആണ്.
അപകടത്തെ തുടര്‍ന്ന്‌ന ചീഫ് സെക്രട്ടറി ജയതിലകിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കാസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ആണ് ദേശീയ എണ്ണ പാട പ്രതിരോധ പദ്ധതിയുടെ അദ്ധ്യക്ഷന്‍. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓയില്‍ സ്പില്‍ കണ്ടിജന്‍സി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ബൂംസ് സ്‌കിമ്മെര്‍സ് എന്നിവ മൊബിലെയ്‌സ് ചെയ്യാനായി കോസ്റ്റ് ഗാര്‍ഡ്, പോര്‍ട്ട് വകുപ്പ്, നേവി എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ട്. കണ്‍ടെയ്‌നര്‍, എണ്ണ പാട, കടലിന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാന്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ ജില്ലകള്‍ക്കും, വകുപ്പുകള്‍ക്കും നല്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തങ്ങള്‍ക്കായിരിക്കും സംസ്ഥാനം മുന്‍ഗണന നല്‍കുകയെന്നും സമതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.