നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. ഇത് സംബന്ധിച്ച് നാളെ വിജ്ഞാപനം പുറത്തിറങ്ങും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. സിറ്റിങ് എംഎല്‍എ എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ച് യുഡിഎഫിന്റെ വിജയത്തിനായി അങ്കത്തിനിറങ്ങുമ്പോള്‍ സീറ്റ് നിലനിര്‍ത്തി മറുപടി നല്‍കേണ്ടത് സിപിഎമ്മിനും എല്‍ഡിഎഫിനും അഭിമാനപ്രശ്‌നമാണ്. പഴയ ആര്യാടന്റെ തട്ടകം ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിക്കാനുള്ള അവസരമാണ് യുഡിഎഫ്- ന്. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിലമ്പൂര്‍ പിടിക്കേണ്ടത് ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ വേദിയാകുക. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ ജയിച്ചു.
ആര്യാടന്റെ തട്ടകം പി.വി അന്‍വറിലൂടെ 2016 ലാണ് എല്‍ഡിഎഫ് ചുവപ്പിച്ചത്. പിണറായിയുടെയും എല്‍ഡിഎഫിന്റേയും പ്രത്യേകിച്ച് സിപിഎമ്മിന്റെയും വിശ്വസ്തനായ പി.വി അന്‍വര്‍ എസ്.പി -സുജിത് ദാസിനെതിരെയും പിന്നാലെ എഡിജിപി അജിത്കുമാറിനെതിരെയും കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നതോടെ നേതൃത്വവുമായി തെറ്റി. വിശ്വസ്തനായ അന്‍വര്‍ സിപിഎമ്മിന്റെ ശത്രുവായി എതിര്‍പക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാകുന്ന സീറ്റാണ് നിലമ്പൂരിലേത്. ഭരണപക്ഷത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട് എന്ന് തെളിയിക്കാനുള്ള അവസരമായാണ് യുഡിഎഫ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം, അന്‍വര്‍ പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല എന്നും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകും എന്നും കാണിക്കുന്നിതിനായി നിലമ്പൂര്‍ പിടിക്കുക എന്നത് എല്‍ഡിഎഫിനും വലിയ വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്, അതുകൊണ്ടുതന്നെ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തേണ്ടിവരും.