കൊച്ചി: വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാകയുള്ള കണ്ടെയ്നര്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു. എംഎസ്സി എല്‍സ 3 (MSC ELSA 3) എന്ന 184 മീറ്റര്‍ നീളമുള്ള കപ്പലാണ് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി ചരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 9 പേര്‍ ലൈഫ് റാഫ്റ്റുകളിലേക്ക് മാറി രക്ഷപ്പെട്ടു. ബാക്കിയുള്ള 15 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ (കോസ്റ്റ് ഗാര്‍ഡ്) നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
മേയ് 23-ന് വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പല്‍ മേയ് 24-ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്ന് (മേയ് 24) ഉച്ചയ്ക്ക് 1.25 ഓടെ കപ്പലിന് 26 ഡിഗ്രിയോളം ചരിവുണ്ടായതായി എംഎസ്സി ഷിപ്പ് മാനേജ്‌മെന്റ് ഇന്ത്യന്‍ അധികൃതരെ അറിയിക്കുകയും അടിയന്തര സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു തുടങ്ങി. ഒരു ഇന്ത്യന്‍ നാവികസേനാ കപ്പലും രണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നിലവില്‍ അപകടസ്ഥലത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനം കപ്പലിന് മുകളിലൂടെ നിരീക്ഷണം നടത്തുകയും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നതിന് സഹായകരമായി അധിക ലൈഫ് റാഫ്റ്റുകള്‍ കപ്പലിന് സമീപം വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
രാസവസ്തുക്കളടങ്ങിയ കണ്ടെയ്‌നറുകള്‍ അറബിക്കടലില്‍ ഒഴുകി നടക്കുന്നതായും ഇത് കേരള തീരത്ത് അടിയാന്‍ സാദ്ധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി ഇവയുടെ അടുത്തു പോകാനോ എടുക്കാനോ ശ്രമിക്കരുതെന്നാണ് നിര്‍ദ്ദേശം. എട്ടോളം കണ്ടെയ്നറുകളാണ് അറബിക്കടലില്‍ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ഇവ എത്താന്‍ സാധ്യതയുള്ളത്. ഇവ കണ്ടാല്‍ ഉടന്‍ 112 എന്ന നമ്പറില്‍ വിവരം അറിയിക്കാനാണ് നിര്‍ദേശം.മറൈന്‍ ഗ്യാസ് ഓയില്‍, സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ അടക്കമുള്ള വസ്തുക്കളാണ് കണ്ടെയ്‌നറുകള്‍ക്കുള്ളിലെന്നാണ് പ്രാഥമിക വിവരം. വടക്കന്‍ കേരളത്തന്റെ തീരത്താണ് ഈ കണ്ടെയ്നറുകള്‍ അടിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു
കപ്പലിന് അടിയന്തര സാല്‍വേജ് സേവനങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്ന് കപ്പല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവഹാനിയും പാരിസ്ഥിതിക നാശനഷ്ടങ്ങളും ഒഴിവാക്കുന്നതിനായി സ്ഥിതിഗതികള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.