ദേശീയപാത നിര്‍മ്മാണം : മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത് ; സുരേഷ് ഗോപിയുടെ ആരോപണവും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, May 23, 2025

തിരുവനന്തപുരം: ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാനസര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവുമുണ്ടായിരുന്നില്ല എന്നാണ് ഇതിന്റെ അര്‍ഥം. കേരളത്തിന്റെ പൊതുമരാമത്തു മന്ത്രിയും സംഘവും ഇടയ്ക്കിടെ ദേശീയപാത പണി നടക്കുന്നിടം സന്ദര്‍ശിച്ച് വിദഗ്ധപരിശോധന എന്ന പേരിലുള്ള പ്രഹസനങ്ങള്‍ നടത്തിയത് എന്തിനാണ് എന്നതും വ്യക്തമാക്കണം.

കേരളത്തില്‍ മഴ തുടങ്ങിയിട്ടേയുളു. ആദ്യത്തെ മഴയ്ക്കു തന്നെ ഇതാണ് അവസ്ഥയെങ്കില്‍ മഴ കനക്കുമ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പുതിയദേശീയ പാത തന്നെ ഉണ്ടാകുമോ എന്നു സംശയമാണ്. കേരളത്തിന്റെ കാലാവസ്ഥാ സാഹചര്യങ്ങളും മണ്ണിന്റെ ഉറപ്പുമടക്കമുള്ളവ റോഡ് നിര്‍മ്മാണത്തിനു മുമ്പ് പരിഗണിച്ചുണ്ടോ എന്നു പോലും സംശയമാണ്.

ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു രൂപയുടെ പരസ്യങ്ങളാണ് എല്ലാമാസവും നല്‍കുന്നത്. കിഫ്ബി വഴിയാണ് ഈ പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഈ റോഡുകള്‍ തകര്‍ന്നു വീണതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും പൊരുമരാമത്ത് മന്ത്രിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ല. കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. അല്ലാതെ ക്രെഡിറ്റടിച്ചു മാറ്റാന്‍ മാത്രം നില്‍ക്കുന്ന ഒന്നാകരുത് സംസ്ഥാന സര്‍ക്കാര്‍.

കേരളത്തിലെ എല്ലാ വികസനങ്ങള്‍ക്കും എതിരു നിന്ന പാരമ്പര്യമാണ് സിപിഎമ്മിന്റേത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖം കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അതിനെതിരെ സമരം ചെയ്തു. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈനെതിരെ സമരം ചെയ്തു. എന്നിട്ട് പദ്ധതികള്‍ നടപ്പിലായപ്പോള്‍ അതിന്റെയെല്ലാം ക്രെഡിറ്റ് നേടാനാണ് ശ്രമം.

ഡിപിആറില്‍ മാറ്റം വരുത്തി എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം അന്വേഷിക്കണം. ആരാണ് ഡിപിആറില്‍ മാറ്റം വരുത്താന്‍ ഇടപെട്ടത് എന്ന് കണ്ടെത്തണം. ദേശീയപാത കേരളത്തിലെ ജനങ്ങളുടെ സ്വപ്നമാണ്. അത് ഒറ്റ മഴയത്ത് തകര്‍ന്നു വീഴുന്ന വെറും നോക്കുകുത്തി ആക്കരുത്. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആവില്ല – ചെന്നിത്തല പറഞ്ഞു.