ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ നയതന്ത്ര നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങളും മുതിര്‍ന്ന നയതന്ത്രജ്ഞരും ഉള്‍പ്പെടുന്ന സര്‍വ്വകക്ഷി സംഘങ്ങള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ‘സീറോ ടോളറന്‍സ്’ എന്ന ശക്തമായ സന്ദേശം കൈമാറും. ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യയില്‍ എത്തി . സമാജ്വാദി പാര്‍ട്ടി എംപി രാജീവ് റായ്, ബിജെപി എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട (റിട്ട.), ആര്‍ജെഡി എംപി പ്രേംചന്ദ് ഗുപ്ത, എഎപി എംപി അശോക് കുമാര്‍ മിത്തല്‍, യൂറോപ്യന്‍ യൂണിയന്, ബെല്‍ജിയം, ലക്സംബര്‍ഗ്, നേപ്പാള്‍ എന്നിവിടങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ഐക്യരാഷ്ട്രസഭയിലെ മുന്‍ ഡെപ്യൂട്ടി പെര്‍മനന്റ് റെപ്രസന്റേറ്റീവുമായ അംബാസഡര്‍ മന്‍ജീവ് സിംഗ് പുരി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
മോസ്കോയില്‍ വെച്ച് റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെ ഉപരിസഭയായ ഫെഡറേഷന് കൗണ്‍സില്‍, അധോസഭയായ സ്റ്റേറ്റ് ഡ്യൂമ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും തിങ്ക് ടാങ്കുകളിലെയും മാധ്യമങ്ങളിലെയും പ്രമുഖരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്ന് മോസ്കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മെയ് 23-24 തീയതികളില്‍ മോസ്കോയില്‍ തിരക്കിട്ട കൂടിക്കാഴ്ചകളും സംവാദങ്ങളും ഇവര്‍ നടത്തമെന്ന് എംബസി അറിയിച്ചു. ഡിഎംകെ എംപിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘം റഷ്യ, സ്ലോവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ പങ്കുവെച്ചിരുന്നു.
‘ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി നേരത്തെ രണ്ട് ഉന്നതതല, ബഹു-കക്ഷി പ്രതിനിധി സംഘങ്ങള്‍ ജപ്പാനിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും എത്തിയിരുന്നു.
ജനതാദള്‍ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ടോക്കിയോയില്‍ എത്തി. ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി, സിപിഐ(എം) രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് എന്നിവരാണ് ഈ സംഘത്തിലുള്ളത്. ജപ്പാനിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം സംഘം ദക്ഷിണ കൊറിയ (മേയ് 24), സിംഗപ്പൂര്‍ (മേയ് 27), ഇന്തോനേഷ്യ (മേയ് 28), മലേഷ്യ (മേയ് 31) എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട രണ്ടാമത്തെ സംഘത്തെ നയിക്കുന്നത് ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെയാണ്. ഈ സംഘം നിലവില്‍ യുഎഇ സന്ദര്‍ശിക്കുകയാണ്. തുടര്‍ന്ന് ലൈബീരിയ, കോംഗോ, സിയറ ലിയോണ്‍ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും. ബിജെപി എംപിമാരായ ബന്‍സൂരി സ്വരാജ്, അതുല്‍ ഗാര്‍ഗ്, മനന്‍ കുമാര്‍ മിശ്ര, ബിജെഡിയുടെ സസ്മിത് പത്ര, ഐയുഎംഎല്‍ എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, ബിജെപി നേതാവ് എസ്.എസ്. അലുഹ്വാലിയ, മുന്‍ അംബാസഡര്‍ സുജന്‍ ചിനോയ് എന്നിവര്‍ ഈ സംഘത്തിലുണ്ട്.
മൊത്തം ഏഴ് പ്രതിനിധി സംഘങ്ങളിലായി 59 പാര്‍ലമെന്റ് അംഗങ്ങളും മുന്‍ മന്ത്രിമാരും നയതന്ത്രജ്ഞരും മേയ് 21 മുതല്‍ ജൂണ്‍ 5 വരെ 33 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലെ പങ്ക് തുറന്നുകാട്ടും