ഇതാണോ ദേശീയപാത വികസനം?: ഓടകള്‍ പൊളിഞ്ഞു; ശുചിമുറി മാലിന്യം റോഡില്‍; വലഞ്ഞ് ജനം

Jaihind News Bureau
Friday, May 23, 2025

കാലവര്‍ഷത്തിനു മുന്നേ മഴ എത്തിയതോടെ ജനങ്ങളാണ് വലഞ്ഞത്. ദേശീയപാത ഇടിഞ്ഞു താണ് അപകടങ്ങള്‍ ഉണ്ടാകുന്നത് പോരാതെ ഓട പൊട്ടി റോഡിലേക്ക് ഒഴുകി യാത്ര ചെയ്യാന്‍ കഴിയാതെ വലയുകയാണ് ജനം. കരമന കളിയിക്കാവിള ദേശീയ പാത വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങിയപ്പോള്‍ ബാലരാമപുരത്ത് ഓടകള്‍ പൊളിഞ്ഞ് ശുചിമുറി മാലിന്യമുള്‍പ്പടെയുള്ള മലിന ജലം ഇപ്പോള്‍ റോഡിലേയ്ക്ക് ഒഴുകുകയാണ് വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്ന് പോകുമ്പോള്‍ മലിനജലം തെറിച്ച് ദേഹത്ത് വീണും ദുര്‍ഗന്ധം സഹിക്കാനാകാതെയും വലയുകയാണ് ജനങ്ങള്‍.

ബാലരാമപുരം കാട്ടാക്കട ജംഗ്ഷന് സമീപത്താണ് ഈ ദുരവസ്ഥ. മൂക്ക് പൊത്താതെ നടക്കാനോ, ബസ് കാത്ത് നില്‍ക്കാനോ, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കച്ചവടം നടത്താനോ കഴിയാത്ത അവസ്ഥ. ശക്തമായി മഴ കൂടി പെയ്താല്‍ പിന്നെ പറയേണ്ട. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ഇത്തരം അവസ്ഥകള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍, പ്രശ്‌നത്തിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് വികസനത്തിനായി കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുവേണ്ടി മണ്ണ് മാന്തിയുള്‍പ്പെടെയുള്ള ഭാരമുള്ള വാഹനങ്ങള്‍ ഓടയുടെ സ്ലാബിന് മുകളിലൂടെ സഞ്ചരിച്ചതും പൊളിക്കുന്ന കെട്ടിടങ്ങളുടെ മണ്ണും മറ്റും അഴുക്കുചാലിലേക്ക് ഒലിച്ചിറങ്ങി ഓടയിലെ ഒഴുക്ക് നിലച്ചതുമാണ് വെള്ളം റോഡിലേക്ക് എത്താനുള്ള പ്രധാന കാരണം. കൂടെ ഇടവിട്ടുള്ള മഴയും സ്ഥിതി രൂക്ഷമാക്കുന്നു.