ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു-പരിഹസിച്ച് കെ.മുരളീധരന്‍

Jaihind News Bureau
Thursday, May 22, 2025

ദേശീയയപാതയ്ക്ക് 2 പിതാക്കന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൊളിഞ്ഞപ്പോള്‍ ഉത്തരവാദിയില്ലാതെ ദേശീയപാത അനാഥമായെന്നും ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ദേശീയപാതകളാണ് ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് മുരളീധരന്‍ സര്‍ക്കാാരിനെ പരിഹസിച്ച് പ്രതികരിച്ചത്.

കഴിഞ്ഞദിവസമാണ് മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണത്. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. കനത്ത മഴയില്‍ അടിത്തറയില്‍ കൂരിയാടിന് പിന്നാലെ മലപ്പുറം തലപ്പാറയിലും ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് തലപ്പാറ. നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ മധ്യഭാഗത്താണ് വിള്ളല്‍. ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാടും ദേശീയ പാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു വീണു. കനത്ത മഴയെ തുടര്‍ന്നാണ് റോഡിന്റെ ഒരുഭാഗം തകര്‍ന്നത്. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴയാണ്. ഇതിനു പിന്നാലെയാണ് ദേശീയപാത സര്‍വീസ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. നീലേശ്വരത്ത് ദേശീയ പാതയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും വിണ്ടു കീറുകയും ചെയ്തു. പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം സര്‍വീസ് റോഡില്‍ മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ബസ് താഴ്ന്നു. കറന്തക്കാടും ചെര്‍ക്കളയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.