വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍ : മോദിക്കെതിരെ കോണ്‍ഗ്രസ്; ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം എന്തുകൊണ്ട്?

Jaihind News Bureau
Thursday, May 22, 2025

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ‘കൂട്ട നശീകരണായുധങ്ങള്‍ WMDs- പുറത്തിറക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി ആസ്ഥാനത്ത് നിന്ന് Weapons of mass defamation, ലോകമെമ്പാടും അയച്ചിരിക്കുന്ന എംപിമാരിലൂടെ Weapons of mass diversion , Weapons of mass distraction’ എന്നിവയാണ് ഇവയെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം വ്യാപാര വാഗ്ദാനത്തിലൂടെ താന്‍ പരിഹരിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം തുടരുകയാണ്. ഈ പ്രസ്താവനകളെ മോദി ഒരിക്കല്‍ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും ‘അതിഗംഭീരമായ ഈ നിശബ്ദത’ എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി എന്ത് കൊണ്ട് പങ്കെടുത്തില്ല, പാര്‍ലമന്റിന്റെ പ്രത്യേക സമ്മേളനം എന്ത് കൊണ്ട് വിളിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ 11 ദിവസത്തിനിടെ എട്ടാം തവണയും പ്രസിഡന്റ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ പൂര്‍ണ്ണമായ ക്രെഡിറ്റ് അവകാശപ്പെട്ടെന്നും, ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരെ ഒരുപോലെ പ്രശംസിക്കുകയും എല്ലാ കാര്യങ്ങളിലും അവരെ തുല്യരാക്കുകയും ചെയ്‌തെന്നും, ഇരു രാജ്യങ്ങളെയും വെടിനിര്‍ത്തലിന് പ്രേരിപ്പിക്കാന്‍ താന്‍ ഉപയോഗിച്ച ഉപകരണം അമേരിക്കയുമായുള്ള വ്യാപാരമാണെന്നും ആവര്‍ത്തിച്ചുവെന്നും രമേശ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

‘എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി – ഡൊണാള്‍ഡ് ഭായിയുടെ ഉറ്റ ചങ്ങാതി – അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണമായും നിശബ്ദനാണ്. യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ പിന്തുണച്ചും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള ‘നിഷ്പക്ഷ വേദിയെ’ക്കുറിച്ചും തന്റെ ചങ്ങാതിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞ കാര്യങ്ങളിലും വിദേശകാര്യ മന്ത്രിയും പൂര്‍ണ്ണ നിശബ്ദത തുടരുകയാണ്,’ രമേശ് എക്സില്‍ കുറിച്ചു.
എന്തുകൊണ്ടാണ് ഈ അതിഗംഭീരമായ നിശബ്ദതയെന്നും അദ്ദേഹം ചോദിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ ജമ്മു കശ്മീരിലെ മുന്‍പുണ്ടായ മൂന്ന് ഭീകരാക്രമണങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില വാര്‍ത്താ റിപ്പോര്‍ട്ടുകളുണ്ടെന്നും രമേശ് പറഞ്ഞു. ‘അവര്‍ 2023 ഡിസംബറിലെ പൂഞ്ചിലെ ഭീകരാക്രമണത്തിലും, 2024 ഒക്ടോബറിലെ ഗന്ദര്‍ബാലിലെ ആക്രമണത്തിലും, 2024 ഒക്ടോബറിലെ ഗുല്‍മാര്‍ഗിലെ ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഈ ഭീകരര്‍ മറ്റ് മൂന്ന് സംഭവങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പഹല്‍ഗാം നാലാമത്തേതാകും… എംപിമാര്‍ ലോകമെമ്പാടും ചുറ്റിക്കറങ്ങുമ്പോള്‍, ഭീകരര്‍ ജമ്മു കശ്മീരില്‍ മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ്,’ അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയായെന്നും, ഈ ഭീകരര്‍ മുന്‍പുണ്ടായ മൂന്ന് സംഭവങ്ങളില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ഭാഗമായിരുന്നോ എന്നതിനെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഒരു വിശദീകരണം ഉണ്ടാകണമെന്നും രമേശ് ആവശ്യപ്പെട്ടു. റാലികളില്‍ ഗംഭീരമായ സിനിമ ഡയലാഗുകള്‍ പറയാതെ ഈ ചോദ്യങ്ങള്‍ക്ക് ഗൗരവമായി നരേന്ദ്ര മോദി മറുപടി പറയുകയാണ് വേണ്ടതന്ന് ജയറാം രമേശ് ആവശ്യപെട്ടു.